-->
ഗെയിം

-->
page 2






ചെറുമാട് കോളിയാടി റോഡില്‍
ഈ ജീപ്പിന്റെ ഡ്രൈവറായ എനിക്ക്
ഒരടി കിട്ടിയിട്ടുണ്ട്
അതിന്റെ ചൂടാറിയിട്ടില്ല.
അപ്പോഴാണ് നമ്മള്‍ ഈ ഗെയിം ആരംഭിക്കുന്നത്.
നമ്മള്‍ (അതായാത് ഞാനും നിങ്ങളും ലവനും
മഠത്തില്‍ മത്തായിയും
കരിന്തണ്ടനും ഉണ്ണിയച്ചിയും ഹക്കനും)
സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന്
പുല്‍പ്പള്ളിയിലേക്ക് പോവുകയാണ്
എല്ലാവരും വണ്ടിയില്‍ കയറിക്കഴിഞ്ഞു.
വണ്ടി എടുത്തു
സുന്ദര സുരഭിലമായ റോഡിലൂടെ
അങ്ങനെ പോവുകയാണ്
വണ്ടിയില്‍ എല്ലാവരും ചീട്ടുകളി തുടങ്ങി
അപ്പോഴാണ് ഡ്രൈവറായ ഞാന്‍
എന്നാലും ആ അടി എന്ന്
ചെറുമാട് കോളിയാടി റോഡിനെക്കുറിച്ച്
ഓര്‍ക്കുന്നത്
ഉടനെ വണ്ടി ചുള്ളിയോട് റോഡിന് തിരിഞ്ഞ്
കോളിയാടി ലക്ഷ്യംവെച്ച് ഓടിത്തുടങ്ങി
ഒരു കിലോമീറ്റര്‍ പിന്നിടുമ്പോള്‍
ആളുകള്‍ അറിയുന്നുണ്ട്
ബഹളം വെക്കുന്നുണ്ട്
ഇത് ചുള്ളിയോട് റോഡല്ലേ
റൂട്ട് മാറീഈഈ റൂട്ട് മാറീഈഈ
ഉടനെ തിരിച്ചു വിടുകയാണ്




ഇനി പുല്‍പ്പള്ളിക്ക് പോകേണ്ട
നമുക്ക് മുത്തങ്ങയ്ക്ക് പോകാമെന്ന് ലവനും ഹക്കനും...
നമ്മള്‍ അങ്ങനെ തന്നെ തീരുമാനിച്ച്
മുത്തങ്ങയ്ക്ക് പോവുകയാണ്
മുത്തങ്ങയ്ക്ക്പോവുന്ന വഴിക്ക്
പെട്ടെന്നാണ് ഡ്രൈവറായ ഞാന്‍ പിന്നെയും
ഓര്‍ക്കരുത് ഓര്‍ക്കരുത് എന്നുവെച്ച ആ അടി ഓര്‍ക്കുന്നത്
ഉടനെ ജീപ്പ് തിരിഞ്ഞ് ഏതൊക്കെയോ
കുടുക്കു വഴികളിലൂടെ നമ്പിക്കൊല്ലി വഴി
ചെറുമാട് കോളിയാടി റൂട്ടിലേക്ക് കുതിക്കുകയാണ്
രണ്ടു കിലോമീറ്റര്‍ പിന്നിടുമ്പോള്‍
മത്തായിച്ചേട്ടന്‍ പുറത്തേക്ക് നോക്കി അലറാന്‍ തുടങ്ങി
റൂട്ട് മാറീഈഈ റൂട്ട് മാറീ..
എല്ലാവരും കൂടി അതേറ്റുപാടി.
നമ്മള്‍ തിരിച്ചുവിടുകയാണ്.






മുത്തങ്ങയ്ക്കു പോയതുകൊണ്ടാണ് പ്രശ്നം
നമുക്ക് വൈത്തിരിയിലേക്ക് പോകാമെന്ന്
കരിന്തണ്ടന്‍ പറഞ്ഞു...
നമ്മള്‍ അവി അവി അങ്കിനത്താനെ
എന്നുപറഞ്ഞ് വൈത്തിരിക്ക് വെച്ചുവിടുന്നു
വഴിനീളെ ഉണ്ണിയച്ചി മുറുക്കിത്തുപ്പിക്കൊണ്ടിരുന്നു
മൂന്നോ നാലോ കിലോമീറ്റര്‍ പിന്നിടുമ്പോള്‍
ഞാന്‍ പിന്നെയും ഓര്‍ക്കുകയാണ് ആ അടി
പോകുന്ന വഴിയില്‍ നിന്ന് വണ്ടി ഒറ്റച്ചാട്ടത്തിന്
കോളിയാടി ചെറുമാട് റോഡില്‍ കയറി
എല്ലാവരും ബഹളം വെക്കാന്‍ തുടങ്ങി
(നമ്മള്‍ കളിക്ക് കൂട്ടാഞ്ഞ ജോഗി ഒന്നാം പേജിലിരുന്ന് ബോറടിച്ച് ഇപ്പോള്‍ തലചൊറിയുന്നുണ്ട്)
മൂന്നുവട്ടവും തോറ്റുപോയ ഒരു ഗെയിമാണിത്
പൂര്‍വാധികം വാശിയോടെ നമ്മള്‍ പുതിയൊരു ലക്ഷ്യം തീരുമാനിക്കുന്നു.
നമ്മുടെ ജീപ്പ് ആകാശത്തേക്ക് കുതിക്കുകയാണ്
വണ്ടിയില്‍ എല്ലാവരും ചീട്ടുകളിക്കുകയാണ്
താഴെ പാടവും തോടും
കൊറ്റികളും കൃഷിക്കാരും നമ്മുടെ ജീപ്പിനെ നോക്കുകയാണ്
ഗൂഗിള്‍ എര്‍ത്തില്‍ നമ്മള്‍ ചെറുമാട്
കണ്ടുപിടിച്ചതുപോലെ അതിപ്പോള്‍ താഴെയുണ്ട്
പിന്നെ ജീപ്പ് താഴേക്ക് ഒറ്റക്കുതിപ്പാണ്
ചെറുമാട് കോളിയാടി റോഡില്‍
നമ്മളിതാ തലകുത്തി വീണു
നമ്മുടെ വണ്ടി പണ്ടാരടങ്ങി
ഹക്കന്റെ തലപ്പാവ്
ഉണ്ണിയച്ചീന്റെ മുറുക്കാന്‍ചെല്ലം
മത്തായിച്ചേട്ടന്റെ ഒരു തെറി
മൂന്നുംകൂടി ഒന്നിച്ചുപറന്നു.. 
(ഇപ്പോള്‍ നമ്മള്‍ കളിക്ക് കൂട്ടാഞ്ഞ പലപുലിതാനന്തകാരി തന്റെ കുന്തം കുലുക്കി ഗെയിമിന്റെ ഒന്നാം പേജിലിരുന്ന് നമ്മളെ കളിയാക്കിച്ചിരിക്കുന്നുണ്ട്)

ഒരോര്‍മ്മ എത്ര അപകടകരമാണ്
ഒരു ഗെയിമില്‍ എന്ന്
ഫ്ലാഷ് ന്യൂസ് നിങ്ങള്‍ ഇപ്പോള്‍ വായിക്കുന്നു.
അപ്പോള്‍ ചോരപൊട്ടിയ തലയുമായി
നമ്മള്‍ പുതിയൊരു ലക്ഷ്യം കണ്ടെത്തുന്നു
ഒടിഞ്ഞും പറിഞ്ഞും കിടക്കുന്ന വണ്ടിയില്‍
എല്ലാവരും ഒരുവിധം കയറിയിരിക്കുന്നു
നമ്മള്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്യുന്നു...
(ബുക്കന്‍ ഒന്നാം പേജിലിരുന്ന് തന്റെ തലപ്പാവ് ഒന്നുകൂടി ഉറപ്പിച്ചുവെക്കുന്നു)